1.
മോഹവാരിധി തന്നിൽ
കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാ -
നൗകയാം പരമേശാ
2.
ലോകവുമതിലുള്ള
സർവ്വവും നിജ വാക്കാൽ
ചാലവേ പടച്ചൊരു
ദേവനായകാ വന്ദേ!
3.
ക്ഷാമസങ്കടം നീക്കി
പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും
പ്രേമഹർമ്മ്യമേ! ദേവാ!
4.
പാപമാം വലയിൽ ഞാ -
നാപതിച്ചുഴലായ്‌വാൻ
താപനാശനാ! നിൻ
കൈയേകിടണമേ നിത്യം
5.
ധർമ്മരക്ഷണം ചെയ്‌വാൻ
ഉർവ്വിയിലവതാര -
കർമ്മമേന്തിയ സർവ്വ
ശർമ്മദാ നമസ്കാരം
6.
നീതിയെൻ ഗളത്തിൻമേ -
ലോങ്ങിയ കരവാളം
വീതമാക്കിയ ജഗദ് -
ത്രാതാവേ ശരണം നീ
7.
ജീർണ്ണമാം വസനത്താൽ
ഛാദിതനായോരെന്നെ
പൂർണ്ണ ശുഭ്രമാമങ്കി
തൂർണ്ണം ധരിപ്പിച്ചോനേ
8.
നിത്യജീവനെന്നുള്ളിൽ
സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം
ദത്തം ചെയ്തൊരു നാഥാ!
9.
ദീനരിൽ കനിവേറും
പ്രാണനായകാ! പോറ്റീ!
താണു ഞാൻ തിരുമുമ്പിൽ
വീണിതാ വണങ്ങുന്നേൻ