1.
നീചരാം ഞങ്ങളെ വീണ്ടിടുവാൻ
വാനലോകം വെടിഞ്ഞാശു വന്നു
താണു നരാകൃതി പൂണ്ടതിനെ
പ്രാണനാഥാ നിനച്ചാദരവായ്
2.
വാനസേനാദികളിൽ സ്തുതിയും
ആനന്ദമാം സ്വർഗ്ഗഭാഗ്യമതും
ഹീനരായീടുമീ ഞങ്ങളുടെ
ഊനമകറ്റുവാനായ് വെടിഞ്ഞോ!
3.
ഭൂതലേ ദാസനായ് നീ ചരിച്ചു
പാപികളെ കനിവായ് വിളിച്ചു
നീതിയിൻ മാർഗ്ഗമെല്ലാമുരച്ചു
വേദനയേറ്റവും നീ സഹിച്ചു
4.
പാപനിവാരകനായ നിന്മേൽ
പാപമശേഷവുമേറ്റുകൊണ്ട്
പാപത്തിൻ യാഗമായ് ചോരചിന്തി
പാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു
5.
ഈയുപകാരമെന്റെ മനസ്സിൽ
സന്തതമോർത്തു നിന്നോടണഞ്ഞു
ലോകയിമ്പങ്ങളെ തള്ളിടുവാൻ
നീ കൃപചെയ്ക ദിനംപ്രതി മേ