1.
മോദമോടെ നാമേവരും തിരു -
പ്പാദം തന്നിലത്യാദരം
വീണു വന്ദനം ചെയ്തുകൊണ്ടു
സന്തോഷ സംഗീതം ചേർന്നുപാടി
2.
കാടുകേറിയൊരാടുപോലെ ഞാ -
നാടലോടുഴന്നീടവേ
തേടിവന്നെനിക്കെന്നുമാശ്രയം
നേടി മാറിലണച്ച ദേവനെ
3.
ആയിരം പതിനായിരങ്ങളി -
ലാരിലുമതിസുന്ദരൻ
ആയിടുമഖിലാണ്ഡനായക -
നാശ്രിതേശ്വരനേശു ദേവനെ
4.
പെരിയ ഖേദവും പീഡനങ്ങളും
പെരുകി വന്നിടും വേളയിൽ
തിരുച്ചിറകതിന്നുള്ളിലാശ്രയമരുളി
രക്ഷതരുന്ന ദേവനെ
5.
ലോകജാതികളെങ്ങുമേവരു -
മാകെയാകുലരെങ്കിലും
ആശ്രിതർക്കമിതാർത്തിതീർത്തിടു -
മാർത്ത നാഥനാമേശുദേവനെ