1.

ഏദനിലാദിമനുജർ ചെയ്ത
പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു
ക്രൂശതിൽ മരിച്ചുയിർത്ത നിന്റെ
പേശലമാം ചരിതമെന്തതി വിപുലം!

2.

വൻപരുമനുനിമിഷംപാടി
കുമ്പിടുന്ന ഗുണമെഴുമധിപതിയെ
ചെമ്പകമലർ തൊഴുന്ന പാദമൻപിനോടെ
നമിക്കുന്നു നമിക്കുന്നിതാ

3.

നീചരായ് ഗണിച്ചിരുന്നപേത്ര
നാദിയായ ധീവരരെ ദിവ്യകൃപയാൽ
ശേഷി കൊണ്ടലങ്കരിച്ചുപരം
പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ

4.

വന്ദനം പരമഗുരോ! നിന്റെ
നന്ദനീയമാം ഗുണങ്ങളുരപ്പതാമോ?
ചന്ദനം പുഴുകിവയെക്കാളും
തോന്നിടുന്നു നിൻചരിതം സുരഭിയായി

5.

അൽപ്പമാമുപകരണം കൊണ്ടു
നൽപെഴുന്ന മഹത്തായ വേലകൾ ചെയ്യും
ശിൽപികൾക്കുടയവനേ! നീയേചിൽപ്പു -
രുഷൻ ചിരന്തന! നമസ്കാരം

6.

കഷ്ടതയുടെ നടുവിൽ ഞങ്ങൾ
പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവാ!
തൊട്ടു നിന്നോമനക്കൈയാൽപരം
ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ

7.

സ്ഫീതമാം കരിമുകിലേ! സാധു
ചാതകങ്ങളാണു ഞങ്ങൾ നീ തരുന്നൊരു
ശീകരമനുഭവിച്ചുസർവ്വ
ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ

8.

ആശയുമനുസൃതിയും സ്നേഹ
പാശബന്ധം വിനയവും വിമലതയും
ദാസരിൽ വളർത്തണമേനിത്യം
യേശുനാഥാ! നമസ്കാരം, നമസ്കാരമേ

55

മാനുവേൽ മനുജസുതാ! - നിന്റെ
മാനമേറും തൃപ്പദങ്ങൾ വണങ്ങി ഞങ്ങൾ
മംഗളമോതിടുന്നിതാ - നിത്യം
മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ!