1.
ദൈവനന്ദനുന്നതേ നിന്നു
വന്നവൻ കന്യാ ജാതനായ്
ക്ളിഷ്ടമാം പശുശാലയിൽ ശഷ്പ -
ശയ്യയിൽ പള്ളികൊൾവോനായ്
മുന്നരുൾപോലെ ബേതലേം പുരി
തന്നിൽ വന്നു പിറന്നു താൻ
തന്നുടെ പേരിൽ വന്നതെല്ലാമേ
മുന്നമേ അരുൾ ചെയ്തപോൽ
2.
ഭക്തിബദ്ധന്മാർ ബുദ്ധന്മാർ
പൊന്നു കുന്തുരുക്കവും മൂരുമായ്
കാഴ്ചയർപ്പിച്ചു സന്നമിച്ചവ -
രുന്നത സുതനേശുവെ
വേദജ്ഞാനികൾ ബാലനേശുവിൽ
ക്കണ്ടു വേദ്യവേദാന്തിയെ
അമ്മ കാനാവിൽ ചൊന്നില്ലേ സുത -
ന്നാജ്ഞപോലെല്ലാം ചെയ്യുവാൻ
3.
ദൈവപുത്രനാമേശു തൻ
താതനെന്നുമേ പ്രിയമുള്ളവൻ
തൻ മൊഴികേൾപ്പാനല്ലയോ ദൈവം
ഉന്നതേ നിന്നുരത്തതും
തന്റെ വാക്കിനാൽ ഭൂതമോടിയേ
വ്യാധിയൊക്കെയടങ്ങിയേ
തന്നടിക്കടി വൻകടൽത്തിര
പഞ്ഞിപോലെയമർന്നഹോ!
4.
അൽപ്പമായുള്ള ഭക്ഷണം ബാല -
നർപ്പിച്ചേശുവിൻ കൈയിലായ്
തൃപ്തരായി അയ്യായിരം ജനം
പുഷ്ടഭോജനം ഭക്ഷിച്ച്
ദൈവമായവൻ തന്നൊരപ്പമായ്
ദ്യോവിൽനിന്നു താൻ വന്നതായ്
കാണുവോർക്കവൻ ജീവപൂപമായ്
ജീവൻ തന്നൊരു രക്ഷകൻ
5.
മൃത്യുവിൻ പിമ്പുയിർത്തെഴുന്നതി
ശക്തിയോടിഹെ വന്നോനായ്
ക്രിസ്തുവെന്നിയേ വേറാരുമില്ല
നിത്യമാം ജീവനാണവൻ
വാനിലേറിയോൻ താൻ വരും വേഗം
തൻ വ്രതരോ തൻ കൂടെയായ്
ജീവനിൽ വാഴും ഖേദമോ പിന്നെ
യേതുമേ കാണുകില്ല ഹോ!