1.
നിർമ്മലമായ രക്തം
ശർമ്മദാ! നീ ചൊരിഞ്ഞു
കന്മഷം പോക്കി
ദുഷ്ടകർമ്മഫലത്തിൽ നിന്നു
വിടുതൽ ചെയ്തതിനാൽ ഞങ്ങ -
ളടിവണങ്ങിടുന്നേ!
2.
ഗത്തസമേനയെന്ന
തോട്ടത്തിലെത്തി ഭവാൻ
രക്തം വിയർത്തധിക ദുഃഖമനുഭവിച്ച
ചരിതമോർത്തിടുമ്പോൾ മനം
ഉരുകിടുന്നു പരാ!
3.
ഹന്നാസും കയ്യാഫാവും
ഹേരോദുമന്നു നിന്നെ
നിന്ദിച്ചു പീഡ ചെയ്ത -
തെല്ലാം സഹിച്ചുവല്ലോ
മറുത്തതില്ല തെല്ലും റോമ
ഗവർണ്ണർ മുമ്പിലും നീ
4.
പേശിപ്പുലമ്പി ദുഷ്ടർ
ക്രൂശിച്ചിടും പൊഴുതും
വാശിക്കധീനമായി -
ത്തീർന്നില്ല നിൻ ഹൃദയം
വിമലകാന്തി ചേർന്നു
മുഖം വിളങ്ങി ശാന്തിയാർന്നു
5.
നിൻ സൗമ്യമാം സ്വഭാവം
നന്നായ് പഠിച്ചടിയാർ
വൻ പ്രാതികൂല്യമദ്ധ്യേ
മുമ്പോട്ടു യാത്ര ചെയ്‌വാൻ
തിരുമുഖ പ്രകാശം ഞങ്ങൾ -
ക്കരുൾക നീ സതതം
6.
ലോകൈക സദ്ഗുരുവേ!
സ്വർജീവനക്കരുവേ!
ദാസർക്കഭീഷ്ടമേകും
മന്ദാരമാം തരുവേ!
തിരുവടി നിയതം ഞങ്ങൾ -
ക്കരുളണമഭയം
7.
തത്വവിത്താം മുനിയേ!
ദുഷ്ടലോകശനിയേ!
സത്യവേദധ്വനിയേ!
ജീവാഗമക്കനിയേ!
കരുണയിൻ ധുനിയേ!
ഞങ്ങൾ വരുന്നിതാ തനിയേ