1.

കീർത്തി മഹത്വം പ്രകാശം
സത്യം ദയയും പ്രഭാവം
പൂർത്തിയായ് വിളങ്ങുന്നൊരു
കർത്തനേ! ദേവാ!
പാത്രനല്ലെങ്കിലും എന്റെ പ്രാർത്ഥന
ചെവിക്കൊളളുവാൻ
തൻകൃപാസനം വഴിയേ
പാർത്തരുളേണമിങ്ങിപ്പോൾ

2.

പൂർണ്ണചിത്തം ശക്തിയോടും
നിർണ്ണയം സത്ഭക്തിയോടും
നിന്നെ വന്ദിപ്പാൻ സഹായം
തന്നരുളേണം
നിന്നോടുളള പ്രീതി ഭയം
എന്നിലൊന്നിച്ചു വസിപ്പാൻ
ഇന്നു നിന്നാത്മാവിൻ അഗ്നി
എന്നിൽ ജ്വലിപ്പിച്ചിടേണം

3.

ഇന്നു ശുദ്ധരുടെ യോഗേ
എന്നോടെഴുന്നളളണം നീ
നിന്നെ ഭക്തിയായ് വന്ദിപ്പാൻ
നിൻതുണവേണം
അന്യചിന്തകളൊന്നുമെന്നുളളിൽ
അണയാതിരിപ്പാൻ
എന്റെ നോട്ടം മുഴുവൻ നീ
നിന്റെ മേൽ പതിപ്പിക്കേണം

4.

വ്യാധിയാപത്തിൻനിമിത്തം
മോദമായാരാധനയ്ക്കും
പ്രാർത്ഥനയ്ക്കും വരാൻ വിഘ്നം
ആർത്തിയുമുളള
ക്രിസ്തുസഭക്കാർക്കു കർത്താ
സ്വസ്ഥമാശ്വാസമരുൾക
പ്രാർത്ഥനകളെ ശ്രവിച്ചു
പൂർത്തിയായരുൾ തരിക

5.

അന്ധകാരത്തിൻ പ്രഭുവിൻ
ബന്ധനത്തുളേളാരെയും നീ
സ്വന്ത ഭക്തരാക്കിടേണം
ശക്തിമാൻ ദേവാ!
രാജരും പ്രജകളെല്ലാം
പൂജിത ദേവ! നിന്നുടെ
രാജപുത്രരായിടുവാൻ
യോജ്യതപ്പെടുത്തിടുക

6.

ശക്തനാം വിശുദ്ധാത്മാവേ
ഭക്തി ദാനം ചെയ്യുന്നോനേ
മുക്തിബോധം നൽകും നീ
ചിത്തത്തിൽ വരിക
സത്യസുവിശേഷസാരം
ബോധനം ചെയ്കയിന്നേരം
സത്യവിശ്വാസം സദ്ഭക്തി
ദത്തം ചെയ്ക ഇക്ഷണത്തിൽ

7.

അന്നവസ്ത്രം സൗഖ്യം ബുദ്ധി
തന്നരുൾക നീ ഇന്നും എന്നും
ഒന്നും ആപത്തും വരാതെ
നിന്നുടെ മുമ്പിൽ
എന്നെ നടത്തിപ്പാലിക്ക
ഉന്നതപിതാ സുതാത്മ!
നിന്നുടെ നാമത്തിനെന്നും
വന്ദനം വന്ദനം ആമേൻ

365

സ്തോത്രം സ്തോത്രം
നിൻനാമത്തിനു പരാ!
എന്നെ കാത്തു പാലിച്ച പിതാവേ!