1.

പരിമളതൈലത്താൽ നിന്റെ
ശിരമഭിഷേകം ചെയ്തൊരു
മരിയയിലത്യന്തം കാരുണ്യം
ചൊരിഞ്ഞ നാഥാ!
വരമരുളിടേണമിവന്നു

2.

അരിവരരിൻ സൈന്യം കണ്ടു
പരവശനായ്ത്തീരാതെ ഞാൻ
ഇരുപുറവും നിന്നെക്കാണുവാൻ
ഹൃദയകൺകൾ
ഉരുകൃപയാൽ തുറക്കേണമേ

3.

പരമഗുരോ! നിൻ നാമത്തെ
ക്കരുതിയെനിക്കുണ്ടാകുന്ന
കരുമനകൾ നിത്യം സഹിപ്പാ -
നരുൾക ദേവാ!
കുരിശിൽ മരിച്ചുളേളാരീശനേ!

4.

ഇരവുകഴിഞ്ഞതിമോഹനമാ
മരുണനുദിച്ചിടും പൊഴുതും
തരണി മറഞ്ഞിടും നേരവും ഭവൽസ്മരണം
വരണമെനിക്കുളളിൽ സ്വൈരമായ്

5.

അരനിമിഷം നിന്നെ വിട്ടാ -
ലരികിലെനിക്കാരുളളയ്യോ!
മരിമകനേ, നിൻ സുഗന്ധമാം
ശ്വാസവായുവെൻ
കരളിനുറപ്പേകുന്നെപ്പോഴും

6.

മരണദിനത്തോളം നിന്റെ
ചരണയുഗം സേവിച്ചാത്മ
ശരണമതായ് നിന്നെ പ്രാപിച്ചു
നിന്നിൽ ലയിപ്പാ -
നരുളണമേ ദിവ്യാശിസ്സുകൾ

480

തിരുവദനം ശോഭിപ്പിച്ചെൻ
ഇരുളകലെ പോക്കിടുവാൻ
കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേ
നിരുകരവും കൂപ്പിത്തൊഴുന്നേൻ