1.
പച്ചമേച്ചിൽ സ്ഥലങ്ങളിൽ
ഞാൻ നടന്നു മേയും
ശാന്തമായ വെളളം കുടിച്ചാ’
നന്ദിച്ചു തുളളും -
2.
ആകുലമശേഷം നീക്കി
പ്രാണനെയെന്നാഥൻ
ആദരവായ് തണുപ്പിക്കു -
ന്നേശു നസറേശൻ
3.
നീതിപാതയറിഞ്ഞു
ഞാൻ സഞ്ചരിക്കുന്നിപ്പോൾ
ഭീതിയില്ല, കൂരിരുളിൻ
താഴ്‌വരയിൽ പോലും -
4.
തൻവടിയുംകോലുമെന്നെ -
യാശ്വസിപ്പിക്കുന്നു
ശത്രുവിൻ മുമ്പെനിക്കവൻ
മേശയൊരുക്കുന്നു
5.
എന്നുടെ തലയിലെണ്ണ
തിങ്ങിയൊഴുകുന്നു
ഞാൻ കുടിക്കും പാത്രമോ
നിറഞ്ഞു കവിയുന്നു
6.
നന്മയും കൃപയുമെന്നെ
തേടി വരുമെന്നും
ദൈവഭവനത്തിൽ വാഴും
ദീർഘകാലമീ ഞാൻ