1.
കാരിരുൾ മൂടുമെൻ ജീവിതപാതയിൽ
ദീപമായ് വന്നവൻ
താപമെഴും മരുഭൂമിയിൽ നൽതണൽ
മേഘമായ് നിന്നവൻ
നാൾതോറും നൽവഴിത്താരയിൽ
കൈവിടാതെന്നെ നടത്തും താൻ
2.
ശോധനവേളയിൽ കൈകളാൽ
താങ്ങിടും നല്ലൊരു നായകൻ
സോദരർ മാറിടും നേരത്തും
മാറാത്തൊരുത്തമ സ്നേഹിതൻ
അന്നന്നു വേണ്ടുന്നതെല്ലാം താൻ
തന്നെന്നും എന്നെ പുലർത്തുമേ
3.
മന്നിൻ ധനത്തിലും മാനവരാരിലും
അല്ലയെന്നാശ്രയം
ആകാശഭൂമികൾ സൃഷ്ടിച്ച
ദേവനിലല്ലോയെന്നാശ്രയം
അൻപെഴും തൻ ദിവ്യപൊൻ
ചിറകിൻകീഴിലെന്നുമെൻ വിശ്രമം
4.
എന്നേശു വന്നിടുമന്നാധി തീർന്നിടും
കണ്ണുനീർ തോർന്നിടും
എൻദേഹം മാറിടും തൻരൂപമായിടും
വിണ്ണിൽ ഞാൻ ചേർന്നിടും
ആ ദിനമെണ്ണി ഞാനിന്നു പാരിടത്തിൽ
പാർക്കുന്നുല്ലാസമായ്