826
1.
സ്നേഹത്തിൻ ഇടയനാം യേശുവേ!
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ!
നീയല്ലാതാരുമില്ല
2.
സാധുക്കൾക്കായ് വലഞ്ഞലഞ്ഞതും
ആടുകൾക്കായ് ജീവൻ വെടിഞ്ഞതും
പാടുകൾ പെട്ടതും ആർ നായകാ?
നീയല്ലാതാരുമില്ല
3.
നീക്കിടുവാൻ എല്ലാ പാപത്തെയും
പോക്കിടുവാൻ സർവ്വ ശാപത്തെയും
കോപാഗ്നിയും കെടുത്തിടാൻ കർത്താ!
നീയല്ലാതാരുമില്ല
4.
അറിവാൻ സ്വർഗ്ഗപിതാവിനെയും
പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും
വേറൊരു വഴിയുമില്ല നാഥാ
നീയല്ലാതാരുമില്ല
5.
സഹിപ്പാൻ എൻബുദ്ധിഹീനതയും
വഹിപ്പാൻ എൻഎല്ലാ ക്ഷീണതയും
ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ!
നീയല്ലാതാരുമില്ല
6.
സത്യവിശ്വാസത്തെ കാത്തിടുവാൻ
നിത്യം നിൻ കീർത്തിയെ പാടിടുവാൻ
ഭൃത്യന്മാരിൽ കൃപ തന്നിടുക
നീയല്ലാതാരുമില്ല
7.
ദൈവമഹത്വത്തിൽ താൻ വരുമ്പോൾ
ജീവകിരീടത്തെ താൻ തരുമ്പോൾ
അപ്പൊഴും ഞങ്ങൾ പാടിടും നാഥാ!
നീയല്ലാതാരുമില്ല