843

1.

സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം
സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിൻഹിതം ചെയ്തോനാം
നിൻസുതനെപ്പോലെ
ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ

2.

നന്മയും പൂർണ്ണപ്രസാദവുമുളള
നിൻഹിതമെന്തെന്നു ഞാനറിയുവാൻ
എൻമനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോകലാവണ്യം

3.

ഞാനവനുളളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻഹിതമാണെന്നു ഞാനറിയുന്നു

4.

എൻതലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ

5.

യേശുക്രിസ്തുവിൻ ശരീരയാഗത്താൽ
ഉളളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ
പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ

6.

ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്റെ ആഹാരം

7.

എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു
എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ
തൻഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ
എൻദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നിടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടമൊന്നും വേണ്ടാ പ്രിയനെ
നിന്റെ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ