1.
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെ -
യെന്നെ പോറ്റി പുലർത്തിയ ദൈവം മതി
2.
ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ
3.
പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ
4.
കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങളാറ്റിലെ
മത്സ്യങ്ങളെല്ലാം സർവ്വേശനെ നോക്കിടുന്നു
5.
കോടാകോടി ഗോളമെല്ലാം പടച്ചവനെല്ലാറ്റിനും
വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
6.
കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീർത്തിടും നാൾ
ശീഘ്രം വരുന്നെന്റെ കാന്തൻ വരുന്നെന്നി
ലുല്ലാസമായ് ബഹുകാലം വാഴാൻ
7.
ലോകം വെടിഞ്ഞെന്റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അന്യൻ പരദേശിയെന്നെന്റെ മേലെഴു -
ത്തെന്നാൽ സർവ്വസ്വവും എന്റെതത്രേ