1.
താതനഹോ തനിക്കുളളവരെ
ലോകരിൽ നിന്നു പിരിച്ചിടുന്നു
ആകയാൽ തന്നുടെ വാചമനുസരിച്ചായ -
വരിൽനിന്നു വേഗമകന്നു നീ
2.
ദേവകളോടുളള സഖ്യമിച്ഛിച്ചാനോക്കു
വിട്ടു തൻ സ്നേഹിതരെ
ദ്യോവിലേക്കായവൻ പോകുന്നതിൻ മുമ്പ്
ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു
3.
നോഹ മുതലായ സാത്വികന്മാരേകമായ്
നിന്നു പൊരുതതിനാൽ
ലോകമവർക്കിങ്ങു യോഗ്യമായ് വന്നതി
ല്ലായ്കിലും ദിവ്യസമ്പത്തവർക്കുണ്ടതാൽ
4.
വേഷവിശേഷങ്ങളാഭരണം ജാതികൾ -
ക്കൊത്ത ദുരാചരണം
ദൂരീകരിക്ക നീ സോദരപൂരണം
സാധിച്ചിടും കപടാത്മികധാരണം
5.
മാതാ, പിതാ, നിലം, ബന്ധുജനം
സോദരീ, സോദരർ, ഭാര്യ, മക്കൾ
ആടുകൾ, മാടുകളാദിയാം സ്വത്തൊടു
ജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീ
6.
കണ്ണുകൾ മോഹം, ജഡത്തിൻമോഹം
ജീവനത്തിന്റെ പ്രതാപമിവ
ഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ
നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം
7.
വാമേ! ലെബാനോനെ വിട്ടുടനേ
ക്ഷേമമായ് പോരിക നാട്ടിലേക്ക്
പ്രേമമുളേളാരമാനാമുകളും ശേനീർ
ഹെർമ്മോൻ മുടികളും വിട്ടുതരിക നീ
8.
ലോകവെയിലാറി തീർന്നിടുമ്പോൾ
മൂറിൻ മലമേൽ ഞാൻ വിശ്രമിപ്പാൻ
സിംഹഗുഹകളും പുളളിപ്പുലികളിൻ
പർവ്വതവും വിട്ടു പോരിക നീ ശുഭേ!
9.
ദിവ്യമായുളള മണവറയെ ദൈവം
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു നാം
മേവുമനവധി മോദമോടെന്നുമേ
10.
കെട്ടിയടച്ചുളള തോട്ടമേയെൻ
മുദ്രയിട്ടുളള ജലാശയമേ
വറ്റിടാതുളള നിൻ പ്രേമവെളളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ