1.
ലേഖകന്റെ വേഗമേറും
ലേഖനി താനെന്റെ ജിഹ്വ!
ലോകപാലക! നീയെത്രയും
നരസുതരി - ലാകവേ സുന്ദരനാകുന്നു
2.
നിന്നധരങ്ങളിൽ കൃപ
മന്നനേ സംക്രമിക്കുന്നു
ഉന്നതനാം ദേവനതിനാൽ -
നിന്നെയങ്ങഹോ!
എന്നുമാശീർവ്വദിച്ചിടുന്നു
3.
ശൂരനേ! നിൻവാളരയ്ക്കു
വീര്യമഹിമയോടൊത്തു
ചാരുതരമായ് ബന്ധിച്ചിട്ടു -
നീതി സൗമ്യത
നേരിവയാൽ മഹത്വത്തോടു
4.
വാഹനമേറുക തവ
വാമേതരമായ ബാഹു
ഭീമസംഗതികൾ നിനക്കു - പറഞ്ഞുതരും
ആഹവ വിഷയമായഹോ!
5.
വൈരികളിൻ ഹൃത്തടത്തിൽ
പാരമാം മൂർച്ചയുളള നിൻ
ക്രൂരശരങ്ങൾ തറച്ചിടും
ശത്രുഗണങ്ങൾ
വീണടിപെടും നിൻസന്നിധൗ
6.
നിന്നുടെ സിംഹാസനമോ
എന്നുമുളളതത്രേ ചെങ്കോൽ
മന്നവ, നേരുളളതാണഹോ!
നീതിയെഴും നീ
ദുർന്നയത്തെ സഹിക്കാ ദൃഢം
7.
തന്നിമിത്തം തവ നാഥൻ
നിന്നുടെ കൂട്ടുകാരേക്കാൾ
നിന്നെയാനന്ദ തൈലംകൊണ്ട് -
അധികമായി
നന്ദിയോടു ചെയ്തഭിഷേകം
8.
ദന്തീദന്തംകൊണ്ടുളളതാം
ചന്തമാം രാജധാനിയിൽ
സ്വാന്തമോദം വരുത്തുന്നല്ലൊ
നിനക്കനിശം
കമ്പിവാദ്യങ്ങളിൻ നിസ്വനം
9.
നിന്നുടെ കഞ്ചുകമാകെ
മന്നനെ മൂറും ലവംഗം
ചന്ദനമിവയാൽ നല്ലൊരു മണം പരത്തി
മന്ദിരം സുഗന്ധമാക്കുന്നു
10.
ആമോദമാനസനാമെൻ
ശ്രീമഹീപാലകമണേ!
രാജകുമാരികൾ നിന്നുടെ -
സുമുഖികളാം
വാമമാർ നടുവിലുണ്ടഹോ!
11.
നിന്നുടെ വലത്തോഫീറിൻ
പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
നിന്നിടുന്നല്ലയോ സാധ്വീ! നീ
നോക്കുകെൻമൊഴി -
ക്കിന്നു ചായിക്ക നിൻ കാതുകൾ
12.
താതഗൃഹം സ്വജനമിത്യാദികൾ
സ്മരിക്ക വേണ്ടാ
പ്രീതനാകും നിന്നഴകിനാൽ
രാജനപ്പോഴേ
നീയവനെ നമിച്ചിടുക
13.
തീറുവിൻ ജനങ്ങളന്നു
സാരമാം കാഴ്ചകളോടു
കൂടവേ വരും സവിധേ നിൻമുഖശോഭ
തേടുമക്കുബേര പൂജിതർ
14.
അന്തഃപുരത്തിലെ രാജ്ഞി
ചന്തമെഴും ശോഭമൂലം
എന്തു പരിപൂർണ്ണയാം അവ -
ളണിയും വസ്ത്രം
പൊൻകസവുകൊണ്ടു ചെയ്തതാം
15.
രാജസന്നിധിയിലവൾ
തോഴിമാരോടൊന്നു ചേർന്നു
രാജകീയ വസ്ത്രമേന്തിയേ
കൊണ്ടു വരപ്പെ -
ട്ടിടുമന്നാ വേളിനാളതിൽ
16.
സന്തോഷോല്ലാസങ്ങളോടു
ദന്തനിർമ്മിതമാം രാജ
മന്ദിരത്തിൽ കടക്കുമന്നാൾ
അളവില്ലാത്ത
ബന്ധുജനയുക്തയാമവൾ
17.
നിന്റെ മക്കൾ നിൻപിതാക്കൾ -
ക്കുളള പദവിയിലെത്തി
ആയവർക്കു പകരം വാഴും
സർവ്വഭൂമിയിൽ
നീയവരെ പ്രഭുക്കളാക്കും
18.
എല്ലാത്തലമുറകളും നിന്നുടെ
നാമത്തെയോർക്കും
വണ്ണമാക്കും ഞാനതുമൂലം
ജാതികൾ ധന്യേ
എന്നുമെന്നും നിന്നെ സ്തുതിക്കും
19.
ഉന്നതസ്ഥിതനാം സ്വർഗ്ഗ -
മന്നവന്നും തൻസുതന്നും
എന്നുമുളളാവിക്കും മംഗളം
ആദിമുതല്ക്ക്
ഇന്നുമെന്നും ഭവിച്ചിടട്ടെ