1.

കയ്യിലിരിപ്പതു ദൈവപ്രമാണം
കാര്യമായ് കൊതിപ്പതു
ലോകത്തിൻമാനം
ശയ്യയിൽ കിടക്കവെ ദേവസമാനം
സംഗതിയോടടുത്താൽ ഭേദമന്യൂനം

2.

ലൗകികരോടുളള വേർപാടനുകൂലം
ലോകബന്ധമൊഴിയുമ്പോൾ പ്രതികൂലം
സകലവുമോർത്തുകണ്ടാലാകവെ ജാലം
സൗകര്യം പോലെയേതും ചെയ്യുമിക്കാലം

3.

പരനെ സ്തുതിപ്പതുപോൽ
നാവിനാൽ പാടും
പല വിഷയങ്ങളിലും മനസ്സുലഞ്ഞോടും
പരിചൊടു യോഗങ്ങളിൽ
ദേഹം പൊയ്ക്കൂടും
പുറമേ മനോഗതങ്ങൾ തിരിഞ്ഞലഞ്ഞീടും

4.

ജനപ്രസിദ്ധിക്കുവേണ്ടി -
കൊടുപ്പതുഹിതമാം
ജനമറിയാത്ത ദാനം
തുടരുകിൽ മിതമാം
പരസ്യ ജപാലയത്തിൽ
പായ്‌വതു ദ്രുതമാം
പരമന്നരികിൽ തനിച്ചിരിപ്പതു ഭയമാം

5.

പരജനങ്ങളോടൊക്കെ
ദിവ്യമായ് പറയും
പതിവായ് ചെയ്‌വതു
കണ്ടാലവർക്കാന്ധ്യം നിറയും
പറയുമ്പോൾ കീർത്തി
മോഹം വാക്കിനാൽ കുറയും
തരമൊത്തുവരുമ്പോ -
ളായവയെല്ലാം മറയും

6.

വചനം പ്രമാണമെന്നു പറയുമെപ്പോഴും
ഭജനം ചെയ്‌വതോ
മർത്യവിധികൾക്കു ചൂഴും
അശനമശിപ്പതിനും പ്രാർത്ഥനയേഴും
വ്യസനകരമായവയ്ക്കിവയെല്ലാം താഴും

7.

മനസ്സിന്നശുദ്ധി നീക്കാനില്ലൊരു മോഹം
മരണജഡം വെടിപ്പാകാഞ്ഞതിശോകം
മിനുസമുളളാഭാരണത്തോടതിരാഗം
മനമെല്ലാം നിറയുന്നു പാപമാം രോഗം

8.

ബഹുമതനായിരിക്കുമേതൊരു ധനിയും
സുഖമല്ലാതിരുന്നീടിലേവനും കനിയും
അനുവിവശത കാട്ടുമെന്നു വേണ്ടിനിയും
പണമൽപ്പം ലഭിച്ചീടിലേതിനും തുനിയും

9.

പ്രതിമാപൂജകന്മാരെ നാം സദാ പഴിക്കും
പ്രതിമയാം നാണയത്തിൻ
മുന്നിൽ നാം നമിക്കും
ചതിയനാം യൂദാവിനെ
സർവദാ ശപിക്കും
ഗതിതരും നാഥനെ നാം
ചെറുതിനും ത്യജിക്കും

10.

പരനേ മതത്തിലാക്കാൻ
ശ്രമമൊട്ടു വളരെ
വിരവൊടു നമ്മുടെ
ദുർന്നടപ്പിതിന്നെതിരെ
കുറവില്ലെന്നുരച്ചു
നാമിരുന്നിടുന്നുയരെ
മറവില്ലാ പരന്നിതിൻ
വിധിയോ തന്നധരെ

927

നന്മയിൻ ഭാവമായ് നാം ദിനവും
തിന്മയെ ചെയ്കയല്ലോ
ചെമ്മെ കുളിപ്പതിനു
പോയുടൻ ചാലേ
തൻ മെയ്യിൽ ചേറണിഞ്ഞു
വരുന്നതുപോലെ