1.
മന്നവൻ വരുമേ പ്രതിഫലം തരുമേ
നിശ്ചയമായ് വരുമേ
മണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ
വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ
2.
ലോകം മുഴുവൻ ഭരണം നടത്താൻ
ശോകമകറ്റിടുവാൻ
യൂദയിൻ സിംഹം രാജാധിരാജൻ
മേദിനി തന്നിൽ വന്നിടുമേ
3.
സർവ്വസൃഷ്ടിയുമൊന്നു പോലിന്നു
കാത്തു ഞരങ്ങിടുന്നു
ശാപമകറ്റാൻ സ്വാതന്ത്ര്യമേകാൻ
ശാലേമിൻ രാജൻ വന്നിടുമേ
4.
പശി ദാഹമെല്ലാം പറന്നകലും
തൻ പരിശുദ്ധഭരണമതിൽ
നീതിയിൻ സൂര്യൻ സ്നേഹക്കതിരാൽ
ഭീതിയിരുൾ നിര നീക്കിടുമേ
5.
വരണം യേശുരാജൻ വരണം
സത് ഭരണം വരണം
വന്നേ തോരൂ ഭക്തരിൻ കണ്ണീ -
രന്നേ തീരൂ വേദനകൾ