1.

ഗിരീന്ദ്രശൃംഗമതിൽനിന്നു
മേഘമണ്ഡലത്തിൽ
സുരേന്ദ്ര ലോകം പൂകിയൊരു
യേശു ദേവാ!
ഭവാൻ പോയപോലെ
വീണ്ടുംവന്നിടുക

2.

കണ്ണുനീർ നിറഞ്ഞ തന്റെ
ശിഷ്യരെ കരത്താൽ
തിണ്ണമായനുഗ്രഹിച്ച ദേശികേശാ!
ഞങ്ങൾക്കാശിസ്സേകാൻ - വീണ്ടും
വന്നിടുക

3.

ദിവ്യമാം തിരുവചസ്സിന്നവ്യയാധികാരം
ഭൂമിയിൽ പുനഃസ്ഥാപിപ്പാൻ രാജവര്യാ!
ഭവൽസേനയോടെ - വീണ്ടും
വന്നിടുക

4.

ഈയുഗത്തിന്നന്ത്യം വരെ
ഞങ്ങളോടുകൂടെ
താനിരുന്നു കൊളളുമെന്നു വാക്കു തന്ന
സത്യപാലകനേ നാഥാ! വന്നിടുക

5.

രാവകന്നു ശോഭചിന്തും
സുപ്രഭാതമിപ്പോൾ
താവകമാം വരവിനാൽ ലഭ്യമാകാൻ
ബഹുവാഞ്ഛയോടെ - ഞങ്ങൾ -
കാത്തിടുന്നേ

6.

ശീതളക്കാറ്റേശി ഞങ്ങളാകവേ
കുളിർത്തു
പോയിടായ്‌വാൻ വന്നു നിന്റെ
കാന്തി ചേരും
കരം തന്നിലേന്തി - ചൂടു -
നൽകണമേ നീ

7.

പൂർവ്വദിക്കിലുയരുന്ന
ബാലസൂര്യൻ പോലെ
പൊൻകരങ്ങൾ നീട്ടി കൃപ
പൂണ്ടടിയാർ
മനത്താമരകൾ - വിട - ർത്തിടുക നീ

8.

നീലനിറമാണ്ട വാനം
പൂക്കളിൻ സുഗന്ധം
തൂകുമൊരു കുളിർകാറ്റും പച്ചയായ
വില്ലീസാൽ പുതച്ച ഭൂവും - നൽകിടുക

9.

ആദിമനുഷ്യന്റെ മഹാപാത -
കത്താൽ നഷ്ട -
മായ ദിവ്യാനുഗ്രഹങ്ങൾ വീണ്ടുമേകാൻ
ഉടൽ യാഗം ചെയ്ത - ദേവാ! നീ ജയിക്ക

958

നരേന്ദ്രസൂനോ! നാഥാ! വന്നിടുക